ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി ആര്‍. ബിന്ദു, ഡി.ജി.പി, ആലപ്പുഴ എസ്.പി എന്നിവർക്കാണ് പരാതി നൽകിയത്.

നഗരത്തിലുടനീളം എൽജിബിടിക്യു + കമ്മ്യൂണിറ്റിക്കെതിരെ അപകീർത്തികരവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്സെൻ ഗ്ലോബൽ മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

‘പ്രൈഡ് അവയർനെസ് കാമ്പയിൻ’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഞായറാഴ്ച ആലപ്പുഴയിൽ നടക്കാനിരിക്കുന്ന പ്രൈഡ് മാർച്ചിന് മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.