ന്യൂഡൽഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടും ആമസോണും, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ചിത്രമുള്ള ടി-ഷർട്ട്, വിൽപനയ്ക്ക് വെച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. പുരുഷൻമാർക്കായുള്ള വെള്ള ടീ ഷർട്ടിൽ സുശാന്തിന്‍റെ ചിത്രത്തിനൊപ്പം ‘വിഷാദമെന്നത് മുങ്ങിമരിക്കും പോലെ’ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

സുശാന്ത് ആത്മഹത്യ ചെയ്തതു പോലെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അവർ പറയുന്നു. വിൽപ്പനയ്ക്കെത്തിയ ടീ ഷർട്ടിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് ട്വിറ്ററിൽ ഇവരുടെ വിമർശനം. ടി-ഷർട്ട് സൈറ്റിൽ നിന്ന് പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

“സുശാന്തിന്‍റെ ദാരുണമായ മരണത്തിന്‍റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ഞങ്ങൾ തുടരും.” ഒരാൾ ട്വിറ്ററിൽ കുറിച്ചു. സുശാന്തിന് വിഷാദമില്ലെന്നും ‘ബോളിവുഡ് മാഫിയ’യാണ് സുശാന്തിനെ കൊലപ്പെടുത്തിയതെന്നും മറ്റൊരാൾ എഴുതി.