ന്യുഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇത് പ്രതിഷേധമാണോ അതോ പ്രഹസനമാണോ എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിയിറച്ചി വിളമ്പുന്നത് മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൂനവാല ആരോപിച്ചു.

“സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്ന കാര്യത്തിൽ ഗാന്ധിജിക്ക് ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ പ്രഹസനമാണോ. ഇത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ്” പൂനവാല പറഞ്ഞു.

ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. എംപിമാർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും ഒരുക്കാൻ പ്രതിപക്ഷ പാർട്ടികൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യവും രാഷ്ട്രീയ ശക്തിയും പ്രകടിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തുണ്ട്.