ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയിയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപിക, ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബവാൻ ബ്ലോക്കിലെ പൊഖാരി പ്രൈമറി സ്കൂളിലാണ് സംഭവം. ഈ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അധ്യാപിക ഊർമിള സിംഗിനെ സസ്പെൻഡ് ചെയ്തു.

കസേരയിലിരിക്കുന്ന അധ്യാപികയുടെ ഇടതുകൈയിൽ വിദ്യാർത്ഥി മസാജ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥി മസാജ് ചെയ്യുമ്പോൾ അധ്യാപിക കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. ക്ലാസ് മുറിക്കുള്ളിൽ ബഹളമുണ്ടാക്കുന്ന കുട്ടികൾക്ക് നേരെയും അവർ ആക്രോശിക്കുന്നു.

വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) വി.പി സിംഗ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി അധ്യാപികക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വി.പി സിംഗ് അറിയിച്ചു.