കൊൽക്കത്ത: സ്കൂൾ റിക്രൂട്ട്മെന്‍റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം നടന്നു. പാർത്ഥയുടെ സൗത്ത് 24 പർഗാനാസ് വസതിയിൽ ബുധനാഴ്ച രാത്രിയാണ് കവർച്ച നടന്നത്. മോഷ്ടാവ് വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കടന്നതായാണ് സൂചന.

പാർത്ഥയുടെ വീട്ടിൽ നിന്ന് വലിയ ബാഗുകളിൽ നിരവധി വസ്തുക്കൾ കൊണ്ടുപോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) റെയ്ഡാണ് ഇതെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പാർത്ഥയുടെ അടുത്ത അനുയായിയും നടിയുമായ അർപിത മുഖർജിയുടെ രണ്ട് ഫ്ളാറ്റുകളിൽ നിന്ന് 50 കോടി രൂപയും അഞ്ച് കിലോ സ്വർണവും വിദേശ കറൻസിയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെടുത്തിരുന്നു.