യൂ.എസ്: അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ കുറഞ്ഞത് 12,000 വർഷം പഴക്കമുള്ള മായാത്ത മനുഷ്യ കാൽപ്പാടുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. യൂട്ടയിലെ യുഎസ് എയർഫോഴ്സ് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിംഗ് റേഞ്ചിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. അമേരിക്കയിലെ കോർണൽ സർവകലാശാലയിലെ ഗവേഷകനായ തോമസ് അർബനാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.

ഗവേഷകരുടെ അഭിപ്രായത്തിൽ, ഭൂമിയിൽ അവസാനമായി സംഭവിച്ച ഹിമയുഗത്തിന്‍റെ അവസാനത്തിൽ നിന്നുള്ള കാൽപ്പാടുകളാണ് ഇവ. തോമസ് അർബനും കൂട്ടാളി ഡാരോൺ ഡ്യൂക്കും യൂട്ടായിലെ പുരാവസ്തു പര്യവേക്ഷണ മേഖലയിലേക്ക് പോകുമ്പോൾ മണലിൽ കാൽപ്പാടുകൾ കാണുകയായിരുന്നു.

തോമസ് അർബൻ മുമ്പ് യുഎസിലെ വൈറ്റ് സാൻഡ്സ് നാഷണൽ ഫോറസ്റ്റിൽ സമാനമായ കാൽപ്പാടുകൾ കണ്ടെത്തുകയും അതിൽ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയ കാൽപ്പാടുകളാണിവയെന്ന് ഗവേഷണം വെളിപ്പെടുത്തി. തന്‍റെ അനുഭവത്തിൽ, തോമസ് അർബൻ ഇവയും ആദ്യകാല കാൽപ്പാടുകളാണെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞു. അടുത്ത ദിവസം സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഇവർ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണം നടത്തുകയും കാൽപ്പാടുകൾ പൂർണ്ണ രൂപത്തിൽ കണ്ടെത്തുകയും ചെയ്തു. അവർ 88 കാൽപ്പാടുകൾ കണ്ടെത്തുകയും അവയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇതിൽ മുതിർന്നവരുടെയും കുട്ടികളുടെയും കാൽപ്പാടുകൾ ഉണ്ടെന്ന് അവർ പറയുന്നു.