ആഴിമലയിൽ കടലിൽ കാണാതായ കിരണിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിഴിഞ്ഞം പൊലീസ് ഇന്ന് തമിഴ്നാട് പൊലീസിനെ സമീപിക്കും. തമിഴ്നാട്ടിലെ ഇരയിമ്മൻ തുറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതാണെന്ന് ഇന്നലെ ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് പൊലീസിന്‍റെ ആലോചന. കിരണിന്‍റെ മൃതദേഹം ഇപ്പോൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലാണ്. തമിഴ്നാട് പോലീസിൽ നിന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് ശേഖരിക്കും.

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നും പീഡനം ഭയന്ന് ഓടി രക്ഷപ്പെട്ടപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കിൽ കൊണ്ടുപോയ രാജേഷാണ് പിടിയിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ സഹോദരിയുടെ ഭർത്താവ് രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.