ബെംഗളൂരു: വർഗീയ ശക്തികളെ നേരിടാൻ ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ് മോഡൽ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സുള്ള്യയിൽ യുവമോര്‍ച്ച പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉ”ത്തർ പ്രദേശിലെ സ്ഥിതിഗതികൾക്ക് യോജിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അതുപോലെ, കർണാടകയിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ വിവിധ മാർഗങ്ങളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാൽ യോഗി ആദിത്യനാഥ് മോഡൽ ഭരണം കർണാടകയിൽ വരുമെന്ന്” ബസവരാജ് ബൊമ്മൈ പറഞ്ഞു.

സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബൊമ്മൈ സർക്കാർ പരാജയപ്പെട്ടുവെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി-സംഘപരിവാർ പ്രവർത്തകർ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡൽ ഭരണം വേണമെന്ന അവരുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.