മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 21 ആയി.

യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രവീണ്‍ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രി സുള്ള്യക്കടുത്ത ബെല്ലാരെയില്‍ വച്ച് ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കാസർകോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് കേരളത്തിലെ അന്വേഷണം. അന്വേഷണത്തിന് കേരള പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകം അന്വേഷിക്കാൻ നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമ പ്രവീൺ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടർ താഴ്ത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇവർ കേരളത്തിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.