ന്യൂഡല്‍ഹി: വിവാദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് എംപി. അധിർ രഞ്ജൻ ചൗധരി . സംഭവിച്ചത് നാവ് വഴുതിപ്പോയതാണെന്നും അതിൽ ഖേദമുണ്ടെന്നും കാണിച്ച് അദ്ദേഹം രാഷ്ട്രപതിക്ക് കത്തെഴുതി.

കഴിഞ്ഞ ദിവസം അധീർ രഞ്ജന്‍റെ ‘രാഷ്ട്രപത്‌നി’ പരാമർശം പാർലമെന്‍റിന് അകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ബുധനാഴ്ച പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അധീർ രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്.

തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് അധീർ തിരുത്തിയെങ്കിലും കോൺഗ്രസ് പ്രസിഡന്‍റിനെ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭരണകക്ഷി വൻ പ്രതിഷേധമാണ് നടത്തിയത്. തുടർന്നുണ്ടായ ബഹളത്തിൽ ഇരുസഭകളും പലതവണ പിരിഞ്ഞു. ലോക്സഭയിലെ പ്രതിഷേധം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു.