മസ്കത്ത്: ശക്തമായ കാറ്റിലും മഴയിലും ഒമാനിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മുങ്ങിമരിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു. ചില റോഡുകളിൽ ഗതാഗതം താറുമാറായി. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. നിസ്‌വ വിലായത്തിലെ കുന്നുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്.

ഇബ്രി വിലായത്തിലെ വാദി അൽ ഹജർ ഡാമിൽ 20കാരനും മുങ്ങിമരിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസണ്ടം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ വീടുകളിൽ കുടുങ്ങിയവരെ റോയൽ എയർഫോഴ്സും പൊലീസ് ഏവിയേഷൻ ഡിവിഷനും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മദ്ഹ, നിയാമത് മലയോരമേഖലകളിൽ കുടുങ്ങിയ 200 പേരെയും ഷിനാസിൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിൽ കുടുങ്ങിയ 2 പേരെയും രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സുഹാർ, ബർഖ, സഹം, സുവൈഖ്, ഷിനാസ്, ജബൽ അഖ്ദർ, മബേല, ഖുറിയാത്ത്, ലിവ, ഇബ്രി, ഖാബുറ, നഖൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മേഘാവൃതമായ അന്തരീക്ഷമാണുള്ളത്.