ദില്ലി: സ്‌കൂള്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് അഴിമതി കത്തി പടരവേ ബംഗാളില്‍ മമത ബാനര്‍ജിക്ക് കുരുക്ക് മുറുക്കി ബിജെപി. പരസ്യമായ മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അമിത് മാളവ്യ നൽകിയത്. പല മുഖ്യമന്ത്രിമാരും ജയിലില്‍ കിടന്നിട്ടുണ്ട് എന്ന് മറക്കേണ്ട എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

മമത സർക്കാരിലെ മന്ത്രിയായ പാര്‍ത്ഥ ചാറ്റർജിയെയും അവരുടെ വിശ്വസ്തനായ അർപ്പിത മുഖർജിയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം മമത ബാനർജി പാർത്ഥയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. തൃണമൂൽ കോണ്‍ഗ്രസിലെ നിരവധി മന്ത്രിമാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന.

മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധന്‍കറിന്‍റെ വീഡിയോയ്ക്ക് ഒപ്പമാണ് മാളവ്യ ട്വീറ്റ് ചെയ്തത്. പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. ഇപ്പോഴുള്ളതിനേക്കാള്‍ വളരെ ചെറിയ റിക്രൂട്ട്‌മെന്റ് അഴിമതികള്‍ക്കാണെന്നും ധന്‍കര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മമതയും ഈ അഴിമതിയില്‍ കുരുങ്ങുമെന്നാണ് അമിത് മാളവ്യ സൂചന നല്‍കുന്നത്.