തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ കൂടുതൽ അന്വേഷണമില്ല. ബാലഭാസ്കറിന്‍റെ മരണം അപകടമരണമാണെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതിയായ അർജുനോട് ഒക്ടോബർ ഒന്നിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി നൽകിയ ഹർജി കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട 69 രേഖകളാണ് കോടതി പരിശോധിച്ചത്. വാഹനത്തിന്‍റെ ഡ്രൈവർ അർജുൻ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സി.ബി.ഐ പറയുന്നു. എന്നാൽ അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ബാലഭാസ്കറിന്‍റെ കുടുംബം ആരോപിക്കുന്നത്.

2019 സെപ്റ്റംബർ 25ൻ പുലർച്ചെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.