തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തിനുള്ളിൽ പുതിയ പാഠപുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് കേരളം മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്നും ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

യോഗവുമായി ബന്ധപ്പെട്ട് മന്ത്രി പങ്കുവച്ച കുറിപ്പ്.

“കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ബഹു.കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാന് കേരളം ഇന്ന് നിവേദനം നൽകി. പൊതു വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ തുടങ്ങിയവരും എംപിമാരായ എളമരം കരീം,ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .കേരളം നിവേദനത്തിൽ ഉന്നയിച്ച മിക്ക വിഷയങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൈക്കൊണ്ടത്.”