ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തു. കളക്ടറായി ചുമതലയേറ്റ ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയർമാൻ.

സെപ്റ്റംബർ നാലിനാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ജനറൽ ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇന്ന് ചേർന്നത്. ശ്രീറാം വെങ്കിട്ടരാമൻ യോഗത്തിന്‍റെ ആദ്യ ഭാഗത്തിൽ പങ്കെടുത്തിരുന്നില്ല. 2019ലെ നെഹ്റു ട്രോഫിക്കുള്ള ബജറ്റ് പാസായതിന് ശേഷം വെങ്കിട്ടരാമൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.