ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ഡൽഹിയിലെത്തിയത്. എന്നാൽ, സഹമന്ത്രിയെ കാണാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് റെയിൽവേ സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായി കൂടിക്കാഴ്ച നടത്തി. റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി കെ ത്രിപാഠിയുമായും കൂടിക്കാഴ്ച നടത്തി.

നേമം ടെർമിനലിന്‍റെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്‍റെയും വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുമായി ചർച്ച നടത്താനാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ എത്തിയിരുന്നത്. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി പ്രതിനിധി സംഘത്തെ കാണാൻ അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം തയ്യാറായിരുന്നു.

കേന്ദ്രമന്ത്രിയുടെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നൽകും. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണം. കൂടിക്കാഴ്ചയ്ക്ക് നേരത്തെ അനുമതി തേടിയിരുന്നു. ഡൽഹിയിൽ എത്തിയാൽ കാണാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതിനാലാണ് ഡൽഹിയിലെത്തിയത്. എന്നാൽ ഇവിടെയെത്തി കൂടിക്കാഴ്ചയ്ക്ക് സാവകാശം തേടിയപ്പോൾ കാണാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി ശിവൻകുട്ടി പറഞ്ഞു.