അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യു.എ.ഇ.യുടെ വടക്കൻ എമിറേറ്റിൽ വെള്ളപ്പൊക്കം ബാധിച്ച 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

ഷാർജയിലെയും ഫുജൈറയിലെയും താൽക്കാലിക ഷെൽട്ടറുകളിൽ 3,897 പേരെ പാർപ്പിച്ചിട്ടുണ്ട്. അവരുടെ വീടുകൾ സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ അവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയൂ.

ബുധനാഴ്ച പെയ്ത കനത്ത മഴയിൽ യു.എ.ഇ.യിലെ ഫുജൈറയിൽ പലയിടത്തും വെള്ളം കയറി. തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. യുഎഇ സൈന്യം രംഗത്തിറങ്ങിയാണ് രക്ഷാപ്രഹവര്‍ത്തനം. എമിറേറ്റിൽ പലയിടത്തും റോഡുകളിലും വെള്ളം കയറി.