തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ പേരിൽ കലാപമുണ്ടാക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതികൾ പിടിക്കപ്പെടുമെന്ന് വിശ്വാസമില്ല. എകെജി സെന്‍റർ ആക്രമണം ഇ പി ജയരാജന്‍റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്ന് കെ സുധാകരൻ എംപി പറഞ്ഞു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജയരാജൻ കോണ്‍ഗ്രസിനുമേൽ കെട്ടിവയ്ക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്തതിനെ തുടർന്നാണ് കോണ്‍ഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ നിയമനടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ നടപടി ആഭ്യന്തര വകുപ്പ് തടഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും മുന്നിൽ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. സി.പി.എം ഭരണസമിതി കോടിക്കണക്കിന് രൂപ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പണം തിരികെ നൽകാനുള്ള നട്ടെല്ല് സർക്കാർ കാണിക്കണം. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചത് സർക്കാരിന്റെ ഒളിച്ചുകളി തുറന്നുകാട്ടിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.