എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. മെയ് 30ന് രാത്രി 11.25 ഓടെ സ്കൂട്ടറിലെത്തിയ ഒരാൾ സി.പി.ഐ(എം) ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.

കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയെങ്കിലും പ്രതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 50 ഓളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലധികം ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്‍റെ പിക്സൽ കുറവായതിനാൽ വ്യക്തത വരുത്താൻ കഴിയാത്തതും പൊലീസിനും തിരിച്ചടിയായി.

പാർട്ടി ആസ്ഥാനം ആക്രമിച്ചിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് കാരണം ബോംബേറ് സി.പി.ഐ(എം) കെട്ടിച്ചമച്ച കഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം നിയമസഭയിലും ചർച്ചയായി. പ്രതി ഹോണ്ട ഡിയോ സ്കൂട്ടറിലാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 350ലധികം സ്കൂട്ടറുകളാണ് ഇതിനകം പരിശോധിച്ചത്.