കണ്ണൂര്‍: കൊളശ്ശേരിയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തി. കോമത്തുപാറ സ്വദേശി ആബിദിന്‍റെ വാടക വീട്ടിലാണ് റെയ്ഡ് നടന്നത്. മതവിദ്വേഷം പരത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതുമായി ബന്ധപ്പെട്ടാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഭീകരവിരുദ്ധ സ്ക്വാഡ് ആബിദിൻ നോട്ടീസ് നൽകി.

തീവ്രവാദ സ്വഭാവമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ആബിദ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കീഴാന്തിമുക്കിലെ ഉദയ ചിക്കൻ സെന്‍ററിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഘം ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കർണാടകയിലെ സുള്ള്യയിലാണ് ഇയാൾ നേരത്തെ താമസിച്ചിരുന്നത്. അടുത്തിടെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരിവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണോ തെരച്ചിൽ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അത് വ്യക്തമാക്കിയില്ല.