കോഴിക്കോട്: അവിക്കൽ തോട് വിഷയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ജനസഭ വിളിച്ചുചേർത്ത പൂന്തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറായില്ലെന്ന് സമരസമിതി അംഗങ്ങൾ ആരോപിച്ചു.

മലിനജല പ്ലാന്‍റ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട വാർഡിലെ ആളുകൾക്ക് പകരം തൊട്ടടുത്ത വാർഡിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ചർച്ച ചെയ്തെന്നും ഇവർ ആരോപിച്ചു. എതിർപ്പുകൾ അവഗണിച്ച് ചോദ്യം ചോദിച്ചവരെ യോഗത്തിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്.

ഇതോടെ പുറത്തുണ്ടായിരുന്ന പ്രതിഷേധക്കാർ യോഗം നടന്ന ഹാളിലേക്ക് അതിക്രമിച്ച് കയറി എം.എൽ.എയെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കി. ഹാളിന് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷം മൂർച്ഛിച്ചപ്പോൾ പൊലീസ് രണ്ടുതവണ ലാത്തിച്ചാർജ് നടത്തി.