ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് നീതീകരിക്കാനാവില്ല. ജനവാസ മേഖലകളെ ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കുന്നതിനുള്ള കരട് തയ്യാറാക്കാനാണ് 2019ലെ ഉത്തരവ്. ആ ഉത്തരവിന്‍റെ പ്രസക്തി അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് സുപ്രീംകോടതി പറഞ്ഞത്. ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇപ്പോൾ കാടടച്ചു വെടി വെക്കുകയാണ്. ജനവാസ മേഖലയെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം അതിനു നിയമപരമായുള്ള ശ്രമങ്ങൾ തുടരും. നേഷണൽ വൈൽഡ് ലൈഫ് ബോർഡാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തി തീരുമാനിക്കുന്നത്. കേരളത്തിന്‌ അതിർത്തി തീരുമാനിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി

ബഫർ സോൺ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവ് ഭേദഗതി ചെയ്തു. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കും. ബഫർ സോണിൽ സുപ്രീംകോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാനുള്ള സംസ്ഥാന ഉത്തരവ് ഭേദഗതി ചെയ്യാതെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ അർത്ഥമില്ലെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് ഭേദഗതി ചെയ്തത്.