തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കാൻ നിലവിലുള്ള ഏജൻസികൾക്ക് കരാർ നൽകാനാകുമോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടുന്നു. ആറുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസിക്ക് കരാർ വീണ്ടും നൽകുന്നതിനെ തുടർന്നുണ്ടാകുന്ന നിയമപ്രശ്നങ്ങളിലാണ് സർക്കാർ നിയമോപദേശം തേടുന്നത്.

ഒരു ഏജൻസി 6 മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കിയില്ലെങ്കിൽ, വിജ്ഞാപനം റദ്ദാക്കുകയും പുതിയത് പുറപ്പെടുവിക്കുകയും വേണം. സിൽവർ ലൈൻ സമൂഹികാഘാത പഠനം നാല് ഏജൻസികളാണ് നടത്തിയത്. എന്നാൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ കാരണം ആറ് മാസത്തിനുള്ളിൽ ഒരു ജില്ലയിലും 100 ശതമാനം പൂർത്തിയാക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് ആറുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസികൾക്ക് കൂടുതൽ സമയം അനുവദിക്കാനാകുമോ എന്ന കാര്യത്തിൽ എജിയുടെ ഉപദേശം തേടുന്നത്. നിലവിലുള്ള ഏജൻസികൾക്ക് തുടരാമെന്നാണ് എജിയുടെ നിയമോപദേശമെങ്കിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ ഏജൻസിയെ കണ്ടെത്തണമെന്നാണ് നിയമോപദേശമെങ്കിൽ അവരെ കണ്ടെത്താനുള്ള സമയമെടുക്കും.