ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി നേടി. ആകെ 248 കിലോഗ്രാം ഉയർത്തിയാണ് വെള്ളി മെഡൽ നേടിയത്.

249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോഗഡെ 225 കിലോഗ്രാം ഉയര്‍ത്തി വെങ്കലം നേടി.

സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 135 കിലോയും ഉയർത്തിയാണ് സർഗർ വെള്ളി മെഡൽ നേടിയത്. സ്നാച്ചിൽ ആദ്യ ശ്രമത്തിൽ 107 കിലോഗ്രാം ഉയർത്തിയ സർഗാർ രണ്ടാം ശ്രമത്തിൽ അത് 111 കിലോഗ്രാമായി ഉയർത്തി. മൂന്നാം ശ്രമത്തിൽ 113 കിലോ ഉയർത്തി. സ്നാച്ച് മത്സരം അവസാനിച്ചയുടൻ, സർഗാർ മെഡൽ ഏതാണ്ട് സീൽ ചെയ്തു. എതിരാളികളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു സർഗർ.