തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേ സമയം 20ൽ കൂടുതൽ തൊഴിലവസരങ്ങൾ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10.5 കോടി തൊഴിൽ ദിനങ്ങളും പദ്ധതികൾക്കായി ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയായ ഈ തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകളുണ്ട്. നിലവിൽ എല്ലാ വാർഡുകളിലും ഒരേസമയം വിവിധ ജോലികൾ നടക്കുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് 1 മുതൽ 20-ൽ കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകളിലുള്ള ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ അനുസരിച്ച് പിന്നീട് ഉൾപ്പെടുത്താം, പക്ഷേ അവർക്ക് സ്ഥിരമായി ലഭിക്കുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. കേരളത്തിൽ 25,90,156 സജീവ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. 310.11 രൂപയാണ് ദിവസവേതനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പ്രകാരം ഏറ്റെടുത്ത പദ്ധതികളുടെ അപൂർണത ഉൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളും പുതിയ നിയന്ത്രണത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാർഗനിർദേശങ്ങളാണ് കേരളം പിന്തുടരുന്നത്.