അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് തീസ്ത സെതൽവാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവർ അഹമ്മദാബാദ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. 2002ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിരപരാധികളെ പ്രതി ചേർക്കാൻ വ്യാജരേഖ ചമച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

ജൂൺ 25 നാണ് തീസ്തയെയും ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീന്‍ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. നിരപരാധികളെ കുടുക്കാൻ വ്യാജ തെളിവുകൾ ചമച്ചെന്നാരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരെ ജൂലൈയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ വ്യാജരേഖ ചമച്ച പ്രതികൾ നിയമനടപടി നേരിടണമെന്നും അവരെ ഉചിതമായി ശിക്ഷിക്കണമെന്നും മോദിക്കെതിരായ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. തീസ്തയുടെയും സെതൽവാദിന്‍റെയും ജാമ്യാപേക്ഷയിൽ ജൂലൈ 21 ന് വാദം പൂർത്തിയായി. ജൂലൈ 26 ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി അത് ജൂലൈ 29 ലേക്ക് മാറ്റി. ഒടുവിൽ ശനിയാഴ്ച സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചു.