തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?” ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാജിവച്ച മന്ത്രി സജി ചെറിയാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച വിഷയത്തിൽ അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ നേരത്തെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ പ്രതികരിച്ചില്ല. യോഗ്യതകൾക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവൻ കൈമാറിയെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തിയില്ല. തുടർന്ന് വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തയച്ചിരുന്നു.

സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ഗവർണർ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് അധിക ഭാരം സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിച്ചിട്ടില്ല. 1984 ഏപ്രിൽ ഒന്നുമുതലാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനുള്ള ചട്ടം. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് സ്പെഷ്യൽ റൂൾ വഴിയാണ് പെൻഷൻ അനുവദിച്ചിരിക്കുന്നത്.