മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹന ഉപരോധസമരം മാത്രമല്ല സംഭവിക്കാൻ പോകുന്നത്. അതിനപ്പുറം പ്രതിഷേധത്തിന്‍റെ രീതി മാറുമെന്നും സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഇ.പി ജയരാജന്‍റെ ബുദ്ധിയിൽ ഉടലെടുത്ത ആശയമാണ് എ.കെ.ജി സെന്‍റർ ആക്രമണം. ഇ പി ജയരാജൻ തന്നെയാണ് അനുയായികളെ കൊണ്ട് ആക്രമണം നടത്തിയത്. വർഷങ്ങൾ തിരഞ്ഞാലും പ്രതിയെ കണ്ടെത്താൻ കഴിയില്ല. യഥാർഥ പ്രതികളെ ഒളിപ്പിച്ച് അന്വേഷണം നടത്തിയിട്ട് എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

മെയ് 30ന് രാത്രി 11.25 ഓടെ സ്കൂട്ടറിലെത്തിയ ഒരാൾ സി.പി.ഐ(എം) ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.