മലയാളി പ്രേക്ഷകരുടെ ഇഷ്ട വിജയജോഡിയായ നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച മഹാവീര്യർ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മഹാവീര്യർ പ്രേക്ഷകർക്ക് മികച്ച തീയേറ്റർ അനുഭവമാണ് നൽകിയത്. ഫാന്‍റസിക്കൊപ്പം എല്ലാ കാലഘട്ടങ്ങൾക്കും അനുയോജ്യമായ രാഷ്ട്രീയത്തിന്‍റെ കഥ പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടതായി മാറി.

ക്ലൈമാക്സിൽ പ്രേക്ഷകരിലേക്ക് വന്ന നേരിയ ആശയക്കുഴപ്പം നീക്കാൻ ക്ലൈമാക്സ് ഭാഗത്ത് ഒരു മാറ്റത്തോടെയാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ക്ലൈമാക്സിലെ മാറ്റത്തെ പ്രേക്ഷകർ ആവേശത്തോടെ സ്വാഗതം ചെയ്തു. രണ്ടാമത്തെ ആഴ്ചയിലും, മഹാവീര്യർ ഹൗസ്ഫുൾ ഷോകളുമായി കുതിപ്പ് തുടരുന്നു.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാന്വി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ശൈലജ പി അമ്പു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദന്‍റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്.