തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്ടർ കെ.എസ്.രാജൻ, ഫിനാൻസ് ഓഫീസർ ശ്രീകുമാർ ഉൾപ്പെടെ അഞ്ച് പേരെയാണ് ശിക്ഷിച്ചത്.

ജില്ലാ ഡെവലപ്മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്മെന്റ് ഓഫീസർ സി. സുരേന്ദ്രൻ, വർക്കലയിലെ കമ്പ്യൂട്ടർ സ്ഥാപനമായ പൂർണ്ണ സ്കൂൾ ഓഫ് ഐ.ടിയുടെ സുകുമാരൻ തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ. 2002 നും 2003 നും ഇടയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ ഖജനാവിന് 2,32,500 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. വർക്കലയിലെ പൂർണ്ണ ഐ.ടി സ്കൂളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകിയതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ പരിശീലന പരിപാടിയായിരുന്നു ഇത്.