തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറന്നുപോയ ബാഗ് കോൺസുൽ ഉദ്യോഗസ്ഥർക്ക് അയയ്ക്കാൻ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടിയായായിരുന്നു ഇത്.

യു.എ.ഇ സന്ദർശനത്തിനിടെ മറന്നുപോയ ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേർ പരാമർശിച്ചായിരുന്നില്ല ചോദ്യം. സംസ്ഥാന അധികാരികൾ ബാഗ് മറന്ന സാഹചര്യത്തിൽ ബാഗ് കൈമാറാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരുകൾ വിദേശ നയതന്ത്രജ്ഞരുമായി നേരിട്ട് ആശയവിനിമയം നടത്തരുതെന്നാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറന്നുപോയ ബാഗ് കൈമാറാൻ കോൺസുൽ നയതന്ത്രജ്ഞരുടെ സഹായം നേരിട്ട് തേടുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.