തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്തവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമുണ്ട്. കോവളത്ത് സംസ്ഥാനത്തെ ബി.ജെ.പി കോർപ്പറേറ്റർമാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്ത അദ്ദേഹം, കേന്ദ്രസർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിഹിതം വികസനത്തിനായി മാറ്റിവയ്ക്കാൻ പോലും കഴിയാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് സംസ്ഥാനം എല്ലാം പ്രാദേശിക ജനപ്രതിനിധികളുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് ഒരു സഹായം പോലും സർക്കാർ നൽകിയില്ല. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സി.പി.എം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോർപ്പറേഷനുകളിലും നടക്കുന്നുണ്ട്. വ്യാജരേഖ ചമച്ച് സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്ന് നികുതിപ്പണം തട്ടിയെടുക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ ഭീകരമായ കൊള്ളയുടെ വേദിയാക്കി മാറ്റുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നേമം കോച്ചിംഗ് ടെർമിനൽ കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്ന പ്രചാരണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ നേമം ടെർമിനൽ യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയത്. രാഷ്ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.