‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കുമെന്ന് ആരോഗ്യ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നടപ്പുസാമ്പത്തിക വർഷം ഒരു ക്രഷിന് രണ്ട് ലക്ഷം രൂപ വീതം മൊത്തം 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്ന ഓഫീസ് സമുച്ചയങ്ങളിലും 50ലധികം ജീവനക്കാർ ജോലി ചെയ്യുന്ന ഇടങ്ങളിലും ക്രഷ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശുസൗഹൃദ ഫർണിച്ചറുകൾ, പാചക പാത്രങ്ങൾ, മുലയൂട്ടുന്ന സ്ഥലങ്ങൾ, തൊട്ടിലുകൾ, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, മെത്തകൾ, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ, ബക്കറ്റുകൾ, മോപ്പുകൾ, മറ്റ് ശുചീകരണ ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ലാ വനിതാ ശിശുവികസന ഓഫീസർ അനുവദിച്ചു.

ലോക മുലയൂട്ടൽ വാരാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്ന് മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ നവജാതശിശുവിനെ മുലയൂട്ടുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ, ആദ്യത്തെ ആറ് മാസത്തേക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ഈ രണ്ട് ഘടകങ്ങളും കുഞ്ഞിന്‍റെ വളർച്ചയ്ക്ക് നിർണായകമാണ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവാണെങ്കിലും ഈ രണ്ട് കാര്യങ്ങളിലും കേരളത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.