പെരുമ്പാവൂര്‍: കണ്ടന്തറയിൽ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിദ്യുത് ഷെയ്ഖിന്‍റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്.

ബിദ്യുത് ഷെയ്ഖിന്‍റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 2019 ഫെബ്രുവരിയിൽ കമ്പനി രജിസ്റ്റർ ചെയ്തതായാണ് വിവരം. 2021ലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. അതേസമയം, നോട്ടീസ് ലഭിച്ചപ്പോഴാണ് കമ്പനിയെക്കുറിച്ച് അറിഞ്ഞതെന്നും തിരിച്ചറിയൽ രേഖകൾ ആർക്കും കൈമാറിയിട്ടില്ലെന്നും ബിദ്യുത് ഷെയ്ഖ് പറഞ്ഞു.

ആറുകൊല്ലമായി പെരുമ്പാവൂരില്‍ കച്ചവടം നടത്തി കുടുംബസമേതം ജീവിക്കുകയാണ് ബിദ്യുത് ഷെയ്ഖ്. പെരുമ്പാവൂർ മേഖലയിൽ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചും അവരുടെ പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്തും വന്‍ നികുതിവെട്ടിപ്പ് നടത്തുന്ന സംഘം സജീവമാണ്.