രാജപുരം: മഴയുടെയും കാറ്റിന്‍റെയും കണക്ക് എത്രയും വേഗം ലഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കാലാവസ്ഥാ വകുപ്പ്. കാസർഗോഡ് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നത്. ആവശ്യമായ ഭൂമി പഞ്ചായത്ത് കൈമാറും. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പാണത്തൂർ വട്ടക്കയം, മേലാട്ടി എന്നിവിടങ്ങളിൽ എവിടെയും സ്ഥാപിക്കാൻ അനുമതി നൽകും. കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുക. നിലവിൽ ജില്ലയിൽ ഏഴ് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്.

ഇവയിൽ മടിക്കെെ, പടന്നക്കാട്, മുളിയാർ, ബായാർ എന്നിവിടങ്ങളിൽ ഇത് അടുത്തിടെ സ്ഥാപിതമായി. അതേ സമയം പനത്തടി പാണത്തൂരിൽ സെന്‍റർ സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വൈകുകയായിരുന്നു. കാലാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രാദേശികമായി വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ഇവ പ്രാദേശികമായി സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്‍റെ ടവറും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നത് ഉൾപ്പെടെ 10 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്. താപനില, ആർദ്രത, കാറ്റിന്റെ വേ​ഗം, ദിശ, മഴയുടെ ശക്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തും. ഓരോ 15 മിനിറ്റിലും വിവരങ്ങൾ യാന്ത്രികമായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സെന്‍ററിന്‍റെ പ്രവർത്തനം.