ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യ രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാല്‍റിനുങ്ക റെക്കോർഡോടെ സ്വർണം നേടി. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി ഒന്നാമതെത്തിയത്. ജെറമിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമാണിത്.

സ്നാച്ചിൽ 140 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയുമാണ് ഇന്ത്യൻ താരം ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ സ്നാച്ചിൽ 140 കിലോഗ്രാം ഉയർത്തിയാണ് ജെറമി പുതിയ റെക്കോർഡ് സ്ഥാപിച്ചത്. സ്നാച്ചിൽ, തന്റെ എതിരാളികളെ ബഹുദൂരം തോൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജെറമിക്ക് വെറും 19 വയസ്സേ ആയിട്ടുള്ളൂ എന്നത് താരത്തിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

സമോവയുടെ ലീവ നെവോ ഇയാൻ വെള്ളിയും നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവാഫിയ വെങ്കലവും നേടി.