ഹൗറ: പശ്ചിമബംഗാളിൽ വൻ തുകയുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എം.എൽ.എമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. ജാർഖണ്ഡ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടി ചുമതലയുള്ള നേതാവുമായ അവിനാശ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർ സഞ്ചരിച്ച എസ്.യു.വി ദേശീയപാത 16ൽ പഞ്ച്ല പൊലീസ് തടഞ്ഞു. എം.എൽ.എമാർ പണവുമായി കാറുകളിൽ വരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ വാഹനത്തിൽ നിന്ന് വൻ തുക കണ്ടെത്തി. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത പണത്തിന്‍റെ കണക്കെടുപ്പ് തുടരുകയാണ്. എത്ര പണം വീണ്ടെടുത്തുവെന്ന് പൂർണ്ണമായ കണക്കെടുപ്പിന് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ഹൗറ റൂറൽ എസ്പി സ്വാതി ഭംഗലിയ പറഞ്ഞു.