ന്യൂഡല്‍ഹി: ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ‘ഹർ ഖർ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിർദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
“ഓഗസ്റ്റ് 2ന് ത്രിവർണ്ണ പതാകയുമായി ഒരു പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയപതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. ഈ അവസരത്തിൽ മാഡം കാമ എന്ന മഹാനായ വിപ്ലവകാരിയെയും ഞാൻ ഓർക്കുന്നു,” മോദി പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ത്രിവർണപതാക ഉയർത്താൻ പ്രധാനമന്ത്രി നേരത്തെ എല്ലാവർക്കും നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്രം മാറ്റാൻ മോദി നിർദ്ദേശിച്ചത്.