കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 ബസുകൾ തിരുവനന്തപുരത്ത് ട്രയൽ റൺ ആരംഭിച്ചു. അരമണിക്കൂർ ഇടവേളകളിൽ ബസുകൾ സർവീസ് നടത്തും.

തിരുവനന്തപുരം വിമാനത്താവളം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസും നാളെ ആരംഭിക്കും. ഇത്തരത്തിൽ രണ്ട് ബസുകൾ സർവീസ് നടത്തും. രണ്ട് മണിക്കൂർ ചാർജിൽ 120 കിലോമീറ്റർ ഓടാൻ ബസുകൾക്ക് ശേഷിയുണ്ട്. ഓരോ ബസിലും 30 സീറ്റുകളുണ്ടാകും.

ആദ്യ ഘട്ടത്തിൽ സിറ്റി സർക്കുലർ സർവീസിന്‍റെ ഭാഗമായി 23 ബസുകൾ സർവീസ് നടത്തും. 50 ബസുകൾ ഓർഡർ ചെയ്തെങ്കിലും 25 ബസുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ബാക്കിയുള്ള ബസുകൾ ഓഗസ്റ്റ് പകുതിയോടെ എത്തും. കൂടുതൽ ബസുകൾ എത്തുന്നതോടെ ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം.