കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.

ഞായറാഴ്ച കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാൻ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവരാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടലിൽ അകപ്പെട്ടത്. അപകടത്തിൽ രണ്ട് പേർ ഉൾപ്പെട്ടിരുന്നു. ഇവരിൽ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹം മരിച്ചത്. മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഉരുൾപൊട്ടലിൽ 25 ഓളം പേരാണ് വെള്ളച്ചാട്ടത്തിന് നടുവിലെ മലഞ്ചെരിവിൽ കുടുങ്ങിയത്. പിന്നീട് അച്ചൻകോവിൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പുറത്തെടുത്തത്. വനത്തിനുള്ളിലെ മണ്ണിടിച്ചിലാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന.