മലപ്പുറം: അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രനെ വെള്ളിയാഴ്ചയാണ് (ജൂലൈ 29) മലപ്പുറം കക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

37 കാരനായ താരത്തിന് മാതാപിതാക്കളും ഒരു ഇളയ സഹോദരനുമുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ശരത് ചന്ദ്രൻ ‘ഒരു മെക്സിക്കൻ അപാരത’, ‘സി.ഐ.എ’, ‘കൂട്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും അഭിനയിച്ച അദ്ദേഹം ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സിനിമയിൽ എത്തുന്നതിന് മുമ്പ് ശരത് ചന്ദ്രൻ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘അനിസിയ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.