കോഴിക്കോട്: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ വാഹന പരിശോധനയ്ക്കിടെ ആക്രമണം. എസ്.ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

പാളയത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കാര്യം അന്വേഷിച്ചിരുന്നു. തുടർന്ന് വാഹനത്തിന്‍റെ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രതികൾ ഈ സമയം ആക്രമിക്കുകയായിരുന്നു.

എസ്ഐയുടെ കൈക്കും ഡ്രൈവറുടെ തലയ്ക്കും പരിക്കേറ്റു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.