തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ ജാഥയുടെ മാനേജരായ ചിന്താ ജെറോമിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിട്ടുണ്ട്. ചിന്താ ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരായത് നിയമവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ ആരോപിച്ചു.

ജുഡീഷ്യൽ അധികാരങ്ങളുള്ള യുവജന കമ്മീഷന്‍റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത് മാത്രമാണ് അഭികാമ്യമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ പറഞ്ഞു.