തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പുന്നയൂരിൽ ആരോഗ്യവകുപ്പ് യോഗം വിളിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ച യുവാവ് ഇത് മറച്ചുവച്ച് ആളുകളുമായി ഇടപഴകിയെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. 21ന് വീട്ടിലെത്തിയ യുവാവ് 27ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപ്പോഴും മങ്കിപോക്സിനെക്കുറിച്ച് അറിയിച്ചിരുന്നില്ല. വിദേശത്ത് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെ മരണശേഷം കുടുംബാംഗങ്ങൾ ആശുപത്രിയിൽ കാണിച്ചിരുന്നു.

ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേരളത്തിൽ കാണപ്പെടുന്ന മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.