തൃശൂര്‍: തൃശൂരിൽ ഇന്ന് രാവിലെ മരിച്ച 22 വയസുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍. യുവാവിന്‍റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പാണ് ചാവക്കാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വിദേശത്ത് നിന്ന് വന്നതാണ്. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് കൊണ്ടുപോയി.

അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസ് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണിയുടെ ഫലങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുടെ കണക്കനുസരിച്ച്, ഈ വകഭേദം എ.2 വിഭാഗത്തിൽ പെടുന്നു.

യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ത്യയിൽ ഇതുവരെ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് മങ്കിപോക്സിന്‍റെ ആദ്യ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 75 രാജ്യങ്ങളിലായി 20,000 ലധികം ആളുകൾക്ക് ഇതുവരെ മങ്കിപോക്സ് ബാധിച്ചിട്ടുണ്ട്.