അജ്‌മേര്‍: ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം, അമ്മയ്ക്കായി മകൻ നൽകിയ സർപ്രൈസ് സമ്മാനം ഒരു ആകാശ യാത്രയാണ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കേസർപുരയിലെ ഒരു സർക്കാർ സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായ സുശീല ചൗഹാന് മകൻ യോഗേഷാണ് ഹെലികോപ്റ്റർ യാത്ര സമ്മാനിച്ചത്.

33 വർഷത്തെ സേവനത്തിന് ശേഷം ശനിയാഴ്ചയാണ് തോപ്ര ഗ്രാമവാസിയായ സുശീല വിരമിച്ചത്. യുഎസിലുള്ള യോഗേഷ് സ്കൂളിൽ നിന്നുളള വിടവാങ്ങൽ പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിലെത്തിയതായിരുന്നു. അമ്മയുടെ ജീവിതത്തിലെ ഒരു പ്രധാന ദിനം. ജീവിതകാലം മുഴുവൻ ഓർക്കാൻ എന്‍റെ അമ്മയ്ക്ക് എന്ത് സമ്മാനം നൽകണമെന്ന് ഞാൻ ചിന്തിച്ചു. ഒടുവിലാണ് ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തതെന്ന് യോഗേഷ് പറഞ്ഞു.

വിരമിക്കൽ ചടങ്ങിന് ശേഷം യോഗേഷ് സുശീലയെ ഹെലികോപ്റ്ററിൽ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. രണ്ട് വർഷം മുമ്പാണ് യോഗേഷിന്‍റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. കുഞ്ഞിനെ ഹെലികോപ്റ്ററിൽ വീട്ടിലെത്തിക്കണമെന്നായിരുന്നു സുശീലയുടെ ആഗ്രഹം. സഫലമാകാത്ത ആ ആഗ്രഹം മറ്റൊരു വിധത്തിൽ നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് യോഗേഷ്.