കാനഡ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് മുതലാളിയുടെ ആഡംബര വസതികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് ഒരു തൊഴിലാളി പ്രതിഷേധിച്ചത്. കാനഡയിലെ കാൽഗറിയിലാണ് സംഭവം.

പോലീസ് എത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ഒരു പ്രദേശവാസി ട്വിറ്ററിൽ പങ്കുവെച്ചു. “തന്നെ പിരിച്ചുവിട്ടതിലുള്ള ദേഷ്യം പ്രകടിപ്പിക്കാൻ തൊഴിലാളി തടാകത്തിനടുത്തുള്ള പ്രദേശം മുഴുവൻ നശിപ്പിച്ചു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായി. മാത്രവുമല്ല, പലരും രസകരമായി കമന്‍റ് ചെയ്യുകയും ചെയ്തു. “തൊഴിലാളി വർഗം ഒടുവിൽ ഉണർന്നിരിക്കുന്നു” എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ “ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നു.” എന്ന് മറ്റൊരാൾ പറഞ്ഞു. ചിലർ തൊഴിലാളിക്കൊപ്പം നിൽക്കുമ്പോൾ, ചിലർ അയാളെ പരിഹസിക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ചു.