തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടി, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വിതുര മക്കിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ 2.5 സെന്‍റിമീറ്റർ ഉയർത്തി. പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

കോട്ടയത്ത് ടൗണിലും പഞ്ചായത്ത് ഓഫീസിലും വെള്ളം കയറി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തലനാട് പഞ്ചായത്തിലും ഉരുൾപൊട്ടലുണ്ടായി. മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. കോട്ടയത്തെ മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.