കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍റെ കുട്ടി. സ്കൂളുകളിൽ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച മുനീറിനെതിരെ ‘പോത്തിനെന്ത് ഏത്തവാഴ’ എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മുനീറിന്‍റെ പേര് പറയാതെയായിരുന്നു പരാമർശം. സെക്‌സ് എജ്യൂക്കേഷന്‍ പുസ്തകം കൈയ്യില്‍ പിടിച്ചിരിക്കുന്ന പോത്തിന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റര്‍ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിംഗസമത്വത്തിന്‍റെ പേരിൽ സ്കൂളുകളിൽ മതനിഷേധം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുനീർ പറഞ്ഞിരുന്നു. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എംഎസ്എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്‍റെ പ്രതികരണം.

ബാലുശ്ശേരിയിലെ ഒരു സ്കൂളിൽ ലിംഗസമത്വ യൂണിഫോം അവതരിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു ലീഗ് നേതാവിന്‍റെ പരാമർശം. തന്‍റെ പ്രസംഗത്തിനിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്രമായ വാദങ്ങളാണ് മുനീർ ഉന്നയിച്ചത്.