മംഗളൂരു: മംഗളൂരു സൂറത്ത്കലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്നാണ് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

സൂറത്ത്കലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റ് പ്രതികളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ.

അതേസമയം, ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ എൻഐഎ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ മലയാളി ബന്ധമുണ്ടെന്ന നിഗമനത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിലും കേരളത്തിലും അന്വേഷണം രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ കന്നഡ പ്രദേശങ്ങൾ ഇപ്പോഴും പോലീസ് വലയത്തിലാണ്.